കുന്നംകുളത്തിന്റെ കലാ, സാഹിത്യ, സാംസ്കാരിക പൈതൃകത്തെക്കുറിച്ചും, ചരിത്രപരമായ പ്രാധാന്യങ്ങളെക്കുറിച്ചുമെല്ലാം എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുക, പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്നീ ചിന്തകളുടെ ഭാഗമായാണ് കുന്നംകുളത്തെ നെഞ്ചേറ്റുന്നവരുടെ പുതിയൊരു സംരംഭമായി 2020 ജൂണില്‍ 'കുന്നംകുളം കഥ കമ്പനി' എന്ന ഫേസ്ബുക്ക് കൂട്ടായ്മ നിലവില്‍ വന്നത്. കോവിഡ് കാലത്തെ ഒറ്റമുറി വിരസതയില്‍ നിന്നു തുടങ്ങിയ ആ യാത്രക്കു ലഭിച്ച സ്വീകാര്യതയും അംഗീകാരവും ഇന്ന് അംഗസംഖ്യയില്‍ പതിനായിരവും കടന്നു മുന്നേറുന്ന ഒരു കൂട്ടായ്മയാക്കി കഥ കമ്പനിയെ മാറ്റി.
കുന്നംകുളമെന്നോ, കേരളമെന്നോ, ഇന്ത്യയെന്നോ അതിര് വരമ്പുകളില്ലാതെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ താമസിക്കുന്ന കുന്നംകുളം പൈതൃകം പേറുന്ന ഒരു വലിയ ജനസഞ്ചയത്തിലേക്ക് നേരിട്ടു കടന്നു ചെല്ലുവാനും അവരുമായി സംവദിക്കുവാനും
എഴുത്തുകളിലൂടെ കുന്നംകുളത്തിന്റെ ഖ്യാതി കൂടുതല്‍ വ്യാപിപ്പിക്കുവാനും കുന്നംകുളം കഥ കമ്പനിക്ക് സാധിച്ചിട്ടുണ്ട് എന്നു തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ സ്മരിക്കുന്നു.
സാംസ്കാരിക കുന്നംകുളത്തിന്റെ എഴുത്തിടത്തില്‍ കൂടുതല്‍ പങ്കു ചേര്‍ക്കുന്നതിനുള്ള ആദ്യപടിയായി 2020ല്‍ 'മാറുന്ന കുന്നംകുളം' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ എഴുത്തു മത്സരം നടത്തുകയുണ്ടായി. നാല്പത്തിയഞ്ചോളം എഴുത്തുകളില്‍ നിന്നും മികച്ച രചനക്കുള്ള പുരസ്കാരം വി.എസ്. ഹാഷിമും (ഹാഷിം ഇക്ക ഇന്ന് നമ്മോടൊപ്പമില്ല) വായനക്കാരുടെ തിരഞ്ഞെടുത്ത രചനക്കുള്ള പുരസ്കാരംരമ്യ മുകേഷും കരസ്ഥമാക്കി.
കുന്നംകുളത്തെക്കുറിച്ചുള്ള എഴുത്തുകളും വരകളുമെല്ലാം ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടണമെന്ന കഥ കമ്പനിയുടെ സ്വപ്നസാക്ഷാത്കാരമാണ് വാര്‍ഷികപ്പതിപ്പായ 'അങ്ങാടിച്ചെപ്പ്'നു വഴിയൊരുക്കിയത്. 2021 സെപ്റ്റംബര്‍ 5 ന് ശ്രീ ജോയ് മാത്യു ഓണ്‍ലൈന്‍ പ്രകാശനം നിര്‍വഹിച്ച 'അങ്ങാടിച്ചെപ്പ്' 2022 ഫെബ്രുവരിയില്‍ അച്ചടിരൂപത്തില്‍ പുറത്തിറക്കി. അങ്ങാടിച്ചെപ്പിലെ രചനകള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നും എഴുത്തിന്റെയും, വായനയുടേയും ലോകത്തേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നും പരക്കെ വിലയിരുത്തപ്പെട്ടു.
2022 നവംബറില്‍ 'എന്റെ കുന്നംകുളം' എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രസംഗമത്സരം സംഘടിപ്പിച്ചു. കുന്നംകുളത്തെയും, പരിസരപ്രദേശങ്ങളിലേയും ഒട്ടേറെ വിദ്യാലയങ്ങളില്‍ നിന്നു വളരെ നല്ല പ്രാതിനിധ്യം ഉണ്ടായിരുന്നു. യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകമായി 5,000 രൂപയുടെ കാഷ് അവാര്‍ഡും മറ്റു പ്രോത്സാഹന പുരസ്കാരങ്ങളും
നല്കി.
'കുന്നംകുളം ഡയറീസ് 2023' എന്ന പേരില്‍ ഒരു കുന്നംകുളത്തെക്കുറിച്ചുള്ള ഓര്‍മ്മകളും കഥകളുമായി ഓണ്‍ലൈന്‍ എഴുത്തുമത്സരം 2023 ജൂണില്‍ സംഘടിപ്പിച്ചു. യുവതയുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചുവെന്നത് എഴുത്തുമത്സരത്തിലെ നേട്ടങ്ങളിലൊന്നായിരുന്നു. പതിനായിരം രൂപയുടെ കാഷ് അവാര്‍ഡ് ആയിരുന്നു മികച്ച രചനക്കുള്ള പുരസ്കാരം. കൂടാതെ 'പോപ്പുലര്‍ പോസ്റ്റി'നും, 'പ്രത്യേക ജൂറി പരാമര്‍ശ'ത്തിനും പുരസ്കാരങ്ങള്‍ നല്കി.
കുന്നംകുളം കഥ കമ്പനിയുടെ സ്ഥാപകലക്ഷ്യങ്ങളില്‍ ഒന്നായ പുസ്തക പ്രസിദ്ധീകരണ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു, കഥ കമ്പനി അംഗം ശ്രീമതി ശ്രീവിദ്യ പ്രവീണ്‍ എഴുതിയ 'അപ്പ്വേട്ടന്' എന്ന നോവലിന്റെയും മകന് വരുണ്‍ പ്രവീണ്‍ എഴുതിയ 'Broken Pieces of Sunlight ' എന്ന ആംഗലേയ കവിതാ സമാഹാരത്തിന്റെയും പ്രകാശനം. 2023 ജൂലൈ 16 നു നടന്ന അഭിമാന പൂരിതമായ ആ 'സൗഹൃദ സദസ്സി'നെ സാമീപ്യം കൊണ്ടലങ്കരിച്ച ശ്രീ. വി.കെ. ശ്രീരാമന്, ശ്രീ അഷ്ടമൂര്‍ത്തി, ശ്രീ ഡോ.ഹരികൃഷ്ണന് എന്നിവര്‍ വിശിഷ്ടാതിഥികളായി. 'കുന്നംകുളം ഡയറീസ് 2023' എഴുത്തു മത്സരവിജയികള്‍ക്കുള്ള പുരസ്കാരവിതരണവും തുടര്‍ന്നു നടക്കുകയുണ്ടായി.
കുന്നംകുളത്തിന്റെ എഴുത്തുകള്‍ ഇനിയും പറഞ്ഞുതീരാനുണ്ടെന്ന ബോധ്യത്തിലാണ് 'അങ്ങാടിച്ചെപ്പ് 2' സാദ്ധ്യമാവുന്നത്.
മികച്ച നിലവാരമുള്ള ഒട്ടേറെ സാഹിത്യ രചനകള്‍ എഴുതിയും, ആശംസകളും പ്രോത്സാഹനങ്ങളും അയച്ചു തന്നും, സൗഹൃദ സംഗമങ്ങളില്‍ വേദി പങ്കിട്ടും, വിദൂരങ്ങളില്‍ കഴിയുമ്പോഴും മനസ്സുകൊണ്ട് ഒപ്പം ചേര്‍ന്നു നിന്ന് 'കുന്നംകുളം കഥ കമ്പനി'യുടെ കൂടെ സഞ്ചരിക്കുന്ന എല്ലാ സുമനസ്സുകളുമാണ് ഇനിയും മുന്നോട്ടു പോകാന്‍ പ്രചോദനം എന്ന തിരിച്ചറിവുണ്ട്. കഥ പറഞ്ഞു, കാര്യം പറഞ്ഞു, ഹൃദയത്തില്‍ നമുക്ക് അടയാളപ്പെടുത്താം, നമ്മുടെ കുന്നംകുളത്തെ...
- കുന്നംകുളം കഥ കമ്പനി
Copyright © 2024 Kunnamkulam Kadha Company - All Rights Reserved.
Powered by GoDaddy